Wednesday, October 15, 2014

ഒരു ഡ്രൈവറുടെ രോദനം

പറയുമ്പോള്‍ എല്ലാം പറയണമല്ലോ.
മുന്‍പ് ഡ്രൈവറുടെ ഉറക്കത്തെ പഴിച്ച് എഴുതിയപ്പോള്‍ അതിന്റെ മറ്റൊരു വശം കൂടി നിങ്ങളെ അറിയിക്കാതിരിക്കുന്നത് മോശമല്ലേ..

ഇത്തവണ ടാക്സിയല്ല, നമ്മുടെ സ്വന്തം കാറില്‍ റിട്ടേണ്‍ ഫ്ലൈറ്റ് പിടിക്കാന്‍ എയര്‍ പോര്‍ട്ടിലേക്ക്.

"വീട്ടിലെ പഴയ ഏണി അവിടിരിപ്പുണ്ടോ'?

ഓട്ടത്തിനിടെ കൂട്ടുകാരന്‍ ഡ്രൈവര്‍ ഇടക്കിടെ ചോദിക്കുന്നുണ്ട്.  ഇവനിനി ഓട്ടം നിര്‍ത്തിയിട്ട് സ്കോപ്പുള്ള തെങ്ങു കയറ്റത്തിനു വല്ലോം പോകാനുള്ള പ്ലാനാണോന്ന്‍ ഓര്‍ത്ത് ഞാനത് കേട്ടില്ലന്ന മട്ടിലിരുന്നു.

ട്രോളി ഉന്തി ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലേക്ക് പോകുംമുന്പ്‌ പോക്കറ്റില്‍ കൈയ്യിട്ടപ്പോഴേ കക്ഷി ചാടി വീണു പറഞ്ഞു,

"ഒന്നും വേണ്ടടാ എനിക്കാ ഏണി ഇങ്ങു തന്നാല്‍ മതി."
ശെടാ..ഇതെന്തു കളിയന്നോര്‍ത്ത് ഞാന്‍ ചിരിച്ചപ്പോള്‍ അവനെന്നെ തുണി പൊക്കി കാണിച്ചു.

ഛെ! നിങ്ങള്‍ ഉദ്ദേശിക്കും പോലല്ല. എന്നിട്ട് പറഞ്ഞു.

"ദേ..ഇതുകണ്ടോ രണ്ടു കാലിലെയും തൊലി മുഴുവന്‍ പോയി."
ങേ!. ഇതെന്താ സംഭവം?

ഡാ, പാതിരായ്ക്ക് ഓട്ടം പോകും മുന്‍പ് രണ്ടു മണിക്കൂറെങ്കിലും  ഉറങ്ങണ്ടേ? നീ പറ.

പിന്നെ...തീര്‍ച്ചയായും! ഡ്രൈവറുടെ ആരോഗ്യം നമ്മുടെ ആരോഗ്യം. എനിക്കും അതില്‍ തര്‍ക്കമില്ല.

" പക്ഷേ...അത് എന്റെ വീട്ടില്‍ പറ്റത്തില്ല. വൈകുന്നേരം ആറര മുതല്‍ ടി.വി ഓണ്‍ ചെയ്ത് ഈ പണ്ടാരങ്ങള് സീരിയല്‍ കാണാന്‍ തുടങ്ങിയാല്‍ ബാക്കിയുള്ളവന്  ഉറങ്ങാല്‍ പറ്റുമോ. അമ്മക്കാണേല്‍ ചെവി കേള്‍ക്കാനും മേല. പെണ്ണുമ്പിള്ളക്ക് അതുള്ളതും ഇല്ലാത്തതും കണക്കാ..! പിറ്റേന്നു പകല് ഈ കോപ്പു തന്നെ വീണ്ടും കാണിക്കുന്നുണ്ട് ഇട്ടിട്ടും മൈ#കള്‍ക്ക് ഇത് തന്നെ കാണണം. " ലവന്‍ വൈലന്റായി.

"ഡാ...അതില്‍ മനം നൊന്ത് നീ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണോ...ഇത്?"

"പോടാ..അവിടുന്ന് ആരെങ്കിലും കാലിലെ ഞരമ്പ് മുറിച്ചാണോ ആത്മഹത്യ ചെയ്യുന്നത്. ഞാന്‍ തെങ്ങില്‍ കയറിയതാ.."

ശരിയാ..നല്ല ശുദ്ധമായ തെങ്ങിന്‍കള്ളില്‍ ഫ്രൂഡാന്‍ ചേര്‍ത്ത് അടിച്ച് മരിക്കുന്നതിന്റെ സുഖം ഒന്നു വേറെയാ...രാവിലെ ഹാങ്ങോവര്‍ ഉണ്ടാവില്ലല്ലോ..!

നീ അധികം തമാശിക്കരുത്. ഒരു ഡ്രൈവറുടെ വേദന...അത് പറഞ്ഞാന്‍ ഒരു പട്ടിക്കും മനസിലാവില്ല". ആളു സെന്റിയായി.

നീ കരയാതെ. ഏണി ഞാന്‍ തരാം.......വേണേല്‍ മണിയും പിടിച്ചോ എന്ന് പറഞ്ഞു പോക്കറ്റില്‍ കൈയ്യിട്ടു.

അവന്‍ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം തുടര്‍ന്നു.

ഡാ...ആ കേബിള്‍ ടി .വി കാര്‍ ഞങ്ങളുടെ കണക്ഷന്‍ ബോക്സ് വെച്ചിരിക്കുന്നത് അപ്പുറത്തുകാരുടെ തെങ്ങിലാ. രാത്രി ഓട്ടം ഉള്ള ദിവസം ഞാന്‍ ഞങ്ങളുടേതും അടുത്ത മൂന്നു വീട്ടിലെയും കേബിള്‍ ഊരി വിടും. ആര്‍ക്കും ഇല്ലേല്‍ പ്രശ്നമില്ലല്ലോ..എന്നിട്ട് സമാധാനമായി കിടന്നുറങ്ങും.

നീയൊരു പുതിയ ഏണി തന്നെ വാങ്ങിച്ചോ...ഇതാ മണി!

3 comments:

  1. സംഗതി സൂപ്പർ. ഹാസ്യം നന്നായി എഴുതുന്നു.

    ReplyDelete
  2. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്..... നമിച്ചണ്ണാ.!

    ReplyDelete
  3. ഇതാണ് അസ്സൽ പണി കൊടുക്കൽ...!

    ReplyDelete