Wednesday, October 8, 2014

ക്രിക്കറ്റ് കേരള

പണ്ടുപണ്ട്, ഈ ഐ.പി എലും സെലിബ്രെറ്റി ക്രിക്കറ്റ് ലീഗും ഒക്കെ വരുന്നതിനു മുന്‍പ് നീലക്കുറിഞ്ഞി പൂക്കുംപോലെ വല്ലപ്പോഴുമൊക്കെ കൊച്ചിക്ക് വീണു കിട്ടുന്ന കളികള്‍ ഉണ്ടായിരുന്നു. മുജ്ജന്മ സുകൃതം കൊണ്ട് മൂന്നുകൊല്ലം ഞാന്‍ കൊച്ചിയില്‍ താമസിക്കുന്നതിനിടെ ഒന്ന് രണ്ടു കളികള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ വന്നുപോയിട്ടുണ്ട്.

ടിക്കറ്റ് കിട്ടാനുള്ള പെടാപ്പാടും ക്യൂവും ഓര്‍ത്ത്  സുഹൃത്തുക്കളായ ക്രിക്കറ്റ് പ്രേമികള്‍ അടിയാന്‍ ഒരിടം ഉണ്ടല്ലോ എന്ന ആശ്വാസത്തില്‍ കുട്ടനാട്ടില്‍ നിന്നും കോട്ടയത്തു നിന്നും പാലായില്‍ നിന്നും വണ്ടിയോടിച്ചോ വണ്ടി പിടിച്ചോ തലേന്ന് വൈകുന്നേരം തന്നെ റൂമിലെത്തും.

മത്സരത്തെക്കുറിച്ചുള്ള കലുങ്കഷമായ അവലോകനങ്ങള്‍ക്കവസാനം 'തരിപ്പ് കേറുമ്പോള്‍' എത്തിപ്പെടുന്ന ഒരു പോയിന്റ് ഉണ്ട്. ആലോചിച്ചാല്‍ ആഗോള മലയാളിയുടെ തന്നെ കണ്ക്ലൂഷന്‍ ആയി അത് വിലയിരുത്തപ്പെടണം.

ഒരാവേശത്തിന്റെ പുറത്ത് കളികാണാന്‍ കൊച്ചിയില്‍ എത്തി എന്നത് നേര്. വൈകിട്ട് 'ഒന്നിരുത്തി ചിന്തിക്കുമ്പോള്‍...........
ടിക്കറ്റിന് ആയിരമോ രണ്ടായിരമോ കൊടുക്കണം. എന്നിട്ടും ഗാലറി. കളി കാണുന്നത് സ്ക്രീനില്‍. ആ കാശുണ്ടെങ്കില്‍ രണ്ടെണ്ണം വീശി ടി.വി യില്‍ കളി കാണാം...സ്വസ്ഥം, സമാധാനം. കൊച്ചിയില്‍ പോയി കളികണ്ടൂന്ന്‍ നാട്ടില്‍ പറയുകയും ചെയ്യാം...!!

ഇത്രക്ക് കുരുട്ടുബുദ്ധി ദൈവം കൊടുത്തില്ലായിരുന്നെങ്കില്‍ മലയാളിയുടെ ഒരു കാലിബര്‍ വെച്ച് മിനിമം ആറുപേരെങ്കിലും സ്ഥിരമായിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചേനെ.....!!

1 comment:

  1. പക്ഷേ, ഗാലറിയിലെ ആരവങ്ങളും അനുഭവങ്ങളും സമ്മാനിക്കാൻ ഏത് ടീവിക്കാ കഴിയുക? അതല്ലേ അതിന്റെ ഒരു ഇത്?!!!

    പുതുമുഖമാണ്. കേഡിക്കാഴ്ച്ചകളിലേക്ക് സ്വാഗതം.

    ReplyDelete