Tuesday, December 31, 2013

ന്യൂ ഇയര്‍ റെസല്യൂഷന്‍

2014 വരുന്നു.
ജീവിതത്തില്‍ ഏറ്റവും സുപ്രധാനം എന്ന് തോന്നുന്ന തീരുമാനങ്ങള്‍ ഒന്നാം തിയതി എടുക്കേണ്ടതല്ല. പുതിയ ഉടുപ്പ് പെരുന്നാളിനും പിറന്നാളിനും വാങ്ങേണ്ടതല്ല. 

തീരുമാനങ്ങളുടെ കാര്യം: ഉള്‍വിളി തോന്നുമ്പോള്‍ ഉടനടി ചെയ്യുക. 
ഉടുപ്പിന്റെ കാര്യം: പഴകും വരെ കാത്തിരിക്കുക.

വഴിയാധാരമായൊരു പുലി

അല്ലറചില്ലറ കഥയും കവിതയും ഒക്കെ ബ്ലോഗില്‍ എഴുതി, എഫ് ബി യില്‍ സ്റ്റടാറ്റസും ഇട്ട് ഏതാണ്ട് പുലിയായി വളര്‍ന്നു തുടങ്ങിയപ്പോഴാണ് അത് സംഭവിച്ചത്.

"മലയാള സാഹിത്യത്തിന്റെ നഷ്ടം! നിങ്ങള് ആ മരുഭൂമിയില്‍ കിടന്നു ചിരക്കേണ്ട ആളല്ല" 

ഓരോ പോസ്റ്റിനും താഴെ സുഹൃത്തുക്കളുടെ കമെന്റ്സ്!

----------------------------
അങ്ങാടിയിലൂടെ നടക്കുമ്പോള്‍ ഒക്കെ മമ്മദ് വെറുതെ ഓര്‍ത്തു....

ഓഫീസില്‍ തരക്കേടില്ലാത്ത ജോലിയുണ്ടായിരുന്നു. മാന്യമായ ശമ്പളം. പൊരിവെയിലത്ത് പണിയെടുക്കെണ്ടായിരുന്നു.
നിതാക്കത്തില്‍ പണി പോയതല്ല? അല്ല. കമ്പനി പൂട്ടിയതല്ല. ഇല്ലാത്തത് പറഞ്ഞ് വെറുതെ പാവങ്ങളെ വഴിയാധാരമാക്കരുത്.

Wednesday, December 25, 2013

ഹാപ്പി നോബ്‌ വീടിയ!

പള്ളിയില്‍ നിന്നും വന്നപാടെ 'ആസ് സൂണ്‍ ആസ് പോസ്സിബിള്‍'' നോമ്പ് വീടി, തട്ടാവുന്ന പാലപ്പവും താറാവ് കറിയും തന്നെയാണ് പണ്ടുമുതലേ പാതിരാക്കുര്ബാനയ്ക്ക് പോകാനുള്ള പ്രചോദനം.
എങ്കിലും പള്ളിയില്‍ എത്തി കുറെ കഴിയുമ്പോള്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങും. അച്ഛന്റെ പ്രസംഗത്തിനിടെ വാഴ പിടരുന്നത് പോലെ ചില സൌണ്ട് കേട്ടാല്‍ തിരിഞ്ഞു നോക്കേണ്ട, ആരെങ്കിലും ഉറങ്ങി വീണതാണ് എന്ന് ഓര്‍ത്തോണം.
എന്നാല്‍ ആറാം ക്ലാസില്‍ വെച്ച് അള്‍ത്താര ബാല സംഘത്തില്‍ അംഗമായിരിക്കെ പാതിരാ കുര്‍ബാനക്കിടെ സങ്കീര്‍ത്തിയില്‍ കിടന്ന് ഞാന്‍ ഉറങ്ങിപ്പോയത് അച്ഛന്റെ വീഞ്ഞെടുത്ത് അടിച്ചതുകൊണ്ടാല്ല എന്ന് ഇനിയെങ്കിലും നിങ്ങള്‍ വിശ്വസിക്കണം.
"ഏവര്‍ക്കും ഹാപ്പിക്രിസ്മസ് ആന്‍ഡ്‌ ഹാപ്പി നോബ്‌ വീടിയ"

Thursday, December 19, 2013

ലഹരി വിമോചന യാത്ര

എ.കെ ആന്റണി ചാരായം നിരോധിച്ച കാലം. 

ഇടവക പള്ളിയിലെ ഫാദറിന്റെ നേതൃത്തത്തില്‍ എന്‍റെ സ്വന്തം ഫാദറും മറ്റു ചില ഗാന്ധിയന്‍മാരും കൂടിച്ചേര്‍ന്ന് നാടിളക്കിയൊരു മദ്യവിരുദ്ധ റാലി നടത്തുവാന്‍ തീരുമാനിച്ചു. ആളെണ്ണം കൂട്ടാന്‍ വേണ്ടി സ്ഥലത്തെ പല പൌരപ്രമുഖരെയും നിര്‍ബന്ധിച്ച് റാലിയില്‍ പങ്കെടുപ്പിച്ചു. 

റാലി കാണുവാന്‍ വഴിക്ക് ഇരുവശവും സ്ത്രീകളും കുട്ടികളും ഉള്‍പടെ ആളുകള്‍ നിരന്നു. മുദ്രാവാക്യം വിളിച്ചു നടന്ന ഗാന്ധിയമാര്‍ വശങ്ങളില്‍ നില്‍ക്കുന്ന ചില പരിചയക്കാരെ കാണുമ്പോള്‍ അറിയാതെ 'മ്യൂട്ട്' ആയിപ്പോകുകയോ ചിരിക്കുകയോ ചെയ്തു. 'വമ്പിച്ച വിജയമായി' വാര്‍ഡ്‌ ചുറ്റിവന്ന ജാഥ സമാപന സമ്മേളന വേദിയിലെത്തി. പള്ളിപ്പറമ്പില്‍ തിങ്ങിക്കൂടിയ ആള്‍ക്കൂട്ടത്തില്‍ പല മതസ്ഥരും പാര്‍ട്ടിക്കാരുമുണ്ട്. വേദിയിലെ വിശിഷ്ടാധിതികള്‍ ഓരോരുത്തരായി പ്രസംഗിച്ചു. എപ്പോഴും സ്ത്രീകളുടെ ഭാഗത്ത് കയ്യടി ശബ്ദം ഉയര്‍ന്നു നിന്നു.

ഏറ്റവും പിന്നില്‍ നിന്ന യുവാക്കളുടെ സംഘത്തില്‍ മാത്രം മരണ വീടിന്റെ നിശബ്ദത. ഒടുവില്‍ പഞ്ചായത്ത് മെമ്പറുടെ ആശംസാപ്രസംഗം. പോലീസ് സ്റേഷനും മറ്റു തല്ലുകൊള്ളിത്തരങ്ങളും ഉള്‍പടെ അവരുടെ അഭയസ്ഥാനവും പ്രതീക്ഷയുമായിരുന്നു അദ്ദേഹം. ബഹുമാന്യനായ മെമ്പര്‍ എന്ത് പറയും എന്നറിയാനായിരുന്നു പുള്ളിയെ നന്നായി അറിയാവുന്നവര്‍ക്കൊക്കെ ആകാംഷ...

"ഇത്രെയും നേരം നിങ്ങള്‍ കാത്തു നിന്ന് മടുത്തതിനാല്‍ ഞാന്‍ ഏറെയൊന്നും പറയുന്നില്ല. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ മദ്യം ശരീരത്തിന് അത്ര നല്ലതല്ല. പ്രായമായവരുടെ കാര്യം പോട്ടെ. പിള്ളേര്‍ അടിക്കുമ്പോള്‍ നന്നായി ഭക്ഷണം കഴിക്കുകയോ കുറഞ്ഞ പക്ഷേം എന്തെങ്കിലും തൊട്ടു കൂട്ടുകയോ ചെയ്യണം......."

യുവാക്കള്‍ നിന്ന ഭാഗത്ത് നിന്നും മുടിഞ്ഞ കൈയ്യടി... വികാരിയച്ചന്‍ മൈക്ക് ഒപ്പറെറ്ററെ ഒന്ന് നോക്കി ഉടനെ കറന്റ്‌ പോയി. കര്‍ട്ടന്‍ വീണു. യോഗം പിരിച്ചു വിട്ടതായി പ്രഖ്യാപിക്കപ്പെട്ടു.

വീട്ടിലെത്തിയപ്പോള്‍ മുദ്രാവാക്യം വിളിച്ച ഫാദറിന്റെ ഒച്ച പോയിരുന്നു. പിറ്റേന്ന് രാവിലെ അരിപ്പെട്ടിപ്പുറത്ത് കണ്ട ഗ്ലാസില്‍ കുരുമുളക് പൊടിയും റമ്മിന്റെ സ്മെല്ലും ഉണ്ടായിരുന്നു.

Wednesday, December 18, 2013

യൂത്ത് വിംഗ്

അത്യാവശ്യമായി ഒരുവഴിക്കുപോകുമ്പോഴാണ് കൂടെ പഠിച്ച സുഹൃത്ത് റോഡ്‌ സൈഡില്‍ നില്‍ക്കുന്നത് കണ്ടത്. കാര്‍ ഒതുക്കി. ആള് വളര്‍ന്നു വരുന്ന യുവനേതാവാണ്. കൂടെ ചില സില്‍ബന്ധികളുമുണ്ട്.
കേറുന്നോ...?
ഏയ് ഇല്ല.
എങ്ങോട്ടെങ്കിലും പോകാന്‍ നില്‍ക്കുവാണോ?
ഏയ് അല്ല.
(ഏത് കഞ്ഞിയും മുണ്ടും ഷര്‍ട്ടും കഞ്ഞിമുക്കി വടിപോലെ നില്‍ക്കുന്നത് കാണുമ്പോള്‍ യാത്രപോകനാണ് എന്ന് തെറ്റിദ്ധരിക്കുന്നത് നമ്മുടെ വിവരമില്ലായ്മ. ജനസേവകക്ക് രാവിലെ മുതല്‍ വൈകിട്ട് വരെ ജങ്ക്ഷനില്‍ വെറുതേ നില്‍ക്കാം. ആരും ചോദിക്കല്ല. വായ്നോക്കി എന്ന് വിളിക്കില്ല.)
എന്നാല്‍ ശരി, ഞാന്‍ പോട്ടേ..
നിന്നേ...ഞങ്ങള്‍ അങ്ങോട്ട്‌ വരുന്നുണ്ട്. നിങ്ങളെപ്പോലുള്ള ഗള്‍ഫുകാരെ ഒക്കെ കണ്ടാ പരിപാടി ആറെഞ്ച് ചെയ്തിരിക്കുന്നെ..നമ്മുടെ യൂത്ത് വിങ്ങിന്റെ സംസ്ഥാന സമ്മേളനം.!!
പണിപാളി! വേലിയേല്‍ കിടന്നതിനെ.......
------------------------
റോഡ്‌ സൈഡില്‍ കാക്കി കണ്ടാല്‍ ആ ഭാഗത്തേക്ക് കണ്ണുകൊടുക്കരുത് എന്നതുപോലെ ഖദര്‍ കണ്ടാലും ഇനി സൂക്ഷിച്ചോണം.

നൂതന സമരമുറകള്‍

സന്തോഷ വാര്‍ത്ത!

നാട്ടുകാരുടെ തൊലിപ്പും ഘടക കക്ഷികളുടെ കലിപ്പും മാനിച്ച് പാര്‍ട്ടി വഴിതടയല്‍ സമരത്തിന് പകരം കാലോചിതമായ മറുവഴികള്‍ ആവിഷ്കരിക്കുന്നു. 

ആദ്യമായി സോഷ്യല്‍ മീഡിയാ വഴിയുള്ള ന്യൂതന സമരമുറയുടെ ഭാഗമായി ജില്ലാ തലത്തില്‍ ലോക്കല്‍ കമ്മറ്റിയുടെ പേരില്‍ ഫേസ്ബുക്ക് ഐ.ഡി കള്‍ രൂപീകരിച്ച് അംഗസംഖ്യ (ഫ്രെണ്ട് ലിസ്റ്റ്) വര്‍ദ്ധിപ്പിക്കും.

ഉപരോധം ഉദ്ദേശിക്കുന്ന ഓരോ മണ്ഡലത്തിലെയും സുഹൃത്തുക്കളെ മാത്രം തിരഞ്ഞുപിടിച്ച് അതാതു ദിവസം ബ്ലോക്കുകയും വൈകുന്നേരം തുറന്നു വിടുകയും ചെയ്യുന്നതാണ്.

എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബ്ലോക്കുന്നതിനു പത്തുമിനിട്ട് മുന്‍പ് വാളില്‍ മനസുപോലെ തെറിവിളിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

Monday, December 16, 2013

കാക്കപ്പാതി

ചപ്പു ചവറുകള്‍ക്കിടെയില്‍ നിന്നും കിട്ടിയ ഇഷ്ടമുള്ള ഭക്ഷണവുമായി കാക്ക ദൂരേയ്ക്ക് പറന്നു പോകുന്നു. ഏറെ പറന്നു കഴിയുമ്പോള്‍ അത് കൊക്കില്‍ നിന്നും താഴെ വീഴുന്നു...

ഓഫീസില്‍ ഇരുന്ന് ഒരു നല്ല കഥയോ ലേഖനമോ വായിക്കുമ്പോള്‍ അറിയാതെ ദൂരേയ്ക്ക് പറിച്ചു നടപ്പെടും. വായനാവസാനം ഞെട്ടലോടെ സമയം നോക്കും. ഒപ്പം ബാക്കി കിടക്കുന്ന ജോലിയും.

കാക്കയുടെ കൈവിട്ടുപോയ ഭക്ഷണമാണ് ഭാഗ്യവാന്‍...കാരണം അത് ദൂരെയെവിടെയോ വീണുപോയി. എനിക്ക് മടങ്ങി വരാതെ തരമില്ല

Sunday, December 15, 2013

ആചാരവെടി

ആചാരവെടിയോടെ അടക്കം ചെയ്യപ്പെടണമെന്നാണ് എന്‍റെ ആഗ്രഹം. അത് നടന്നില്ലേല്‍ നിങ്ങളാരെങ്കിലും എന്നെ വെടിവെച്ചു കൊന്നെങ്കിലും അന്ത്യാഭിലാഷം സാധിച്ചു തരണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.

Wednesday, December 11, 2013

തട്ടാന്‍ വേക്കന്‍സി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ തട്ടാന്റെ വേക്കന്‍സി..
ങേ..ആരെ തട്ടാന്‍!......?
ഡേയ്...തട്ടാനെന്നു പറഞ്ഞാല്‍ ഒറിജിനല്‍ തട്ടാന്‍...വളയും സ്പൂണും പറയാന്‍ കൊള്ളാത്ത മറ്റു പലതും ഉരച്ചു നോക്കാന്‍....സ്വര്‍ണ്ണമാണോന്ന്..
ഏയ്‌.. കട്ടിപ്പണിക്കൊന്നും ഞാനില്ല. മേലനങ്ങരുതെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.
അതെന്താടോ., എയര്‍ പോര്‍ട്ട്, എ.സി റൂം....സുഖമല്ല...?
ഈ പോക്ക് പോകുവാനെങ്കില്‍ ഉരച്ച് ഉരച്ചെന്റെപരിപ്പിളകും...വേറെ ആള് നോക്ക്!

Monday, December 9, 2013

വീടുപണിയും പശ്ചിമഘട്ടവും

കല്ലും മണ്ണും കിട്ടാതെ രണ്ടു മാസത്തിലധികം വീടുപണി മുടങ്ങി. ആദ്യം മഴയായിരുന്നു പ്രശ്നം, പിന്നെ മണ്ണെടുപ്പിനുള്ള പാരിസ്ഥിതികാനുമതി കിട്ടാത്തത് കൊണ്ടാണ് എന്നറിഞ്ഞു. 

കാശിന്റെ കാര്യത്തില്‍ മുടക്കം വരുത്താത്തത്കൊണ്ട് ഫോണെടുത്ത് മണ്ണുകാരനെയും ഇടനിലക്കാരനെയും ചീത്ത വിളിച്ചു. കാര്യം നടക്കണം. എന്ത് പരിസിസ്ഥിതി എന്ത് വിലക്ക്. 

വീടും മതിലുകെട്ടും ഉള്‍പടെ കാര്യമായ പരിപാടികള്‍ ഒന്നും ബാക്കിയില്ലാത്തത്‌ കൊണ്ട് പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ വിരോധമില്ല. പറ്റുമെങ്കില്‍ ഗാട്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് തന്നെ നടപ്പാക്കണം.

Saturday, December 7, 2013

മൂന്നാം ക്ലാസില്‍ നിന്നൊരോര്‍മ്മ

ഞാനുള്‍പടെ എല്ലാവര്‍ക്കും ഈരണ്ട് അടി കൊടുത്തശേഷം നാളെ രക്ഷകര്‍ത്താവിനെ വിളിച്ചു കൊണ്ടുവന്ന്‍ ക്ലാസില്‍ കയറിയാല്‍ മതി എന്ന് ടീച്ചര്‍ പറഞ്ഞു.
വേദനയാലും കുറ്റ ബോധാത്താലും തല കുനിച്ചിരുന്ന എന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടര്‍ന്നു. ഞാന്‍ മുഖമുയര്‍ത്തി ടീച്ചറെ നോക്കി.
ക്ലാസിലെ കുട്ടികള്‍ ഒന്നടങ്കം ചിരിച്ചു.
ടീച്ചര്‍ക്കും ചിരിയടക്കാനായില്ല.
ശരി ആള്‍ സിറ്റ് ഡൌന്‍...!
തുടര്‍ന്ന്‍ അമ്മ അടുത്ത പാഠം പഠിപ്പിക്കാന്‍ ആരംഭിച്ചു.