Wednesday, July 13, 2016

ഭ്രാന്താലായസ്വാമി

സത്യത്തില്‍ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ച സ്വാമി വിവേകാനന്ദനോളം നട്ടപ്പിരാന്തുള്ള മറ്റാരെങ്കിലുമുണ്ടോ?
നട്ടുച്ചക്ക് കടല് നീന്തിക്കേറി പോയി പാറപ്പുറത്തിരുന്നാല്‍ ചന്തി പൊള്ളിപ്പോവില്ലേ മാഷേ...?

Tuesday, July 12, 2016

മാര്‍തോമാപാരമ്പര്യം

"അച്ചായോ.. മോളുടെ ഫോട്ടോ ചെക്കനു നന്നേ ബോധിച്ചു. "
അതെയോ..!
"പക്ഷേ... നല്ല ക്രിസ്ത്യാനിയും തോമാശ്ലീഹായുടെ പാരമ്പര്യം മുറുകെപ്പിടിക്കുന്നവനും ആയതുകൊണ്ട്‌ ഒന്ന് തൊട്ടു നോക്കിയേ വിശ്വസിക്കൂ.."
ഫ.. $&്‌&!!

Sunday, July 3, 2016

ഒരു മുല്ലപ്പൂവിപ്ലവം

നിക്കറിനു പകരം നേവീബ്ലൂ പാന്റസ് തൈയ്പ്പിച്ചു കിട്ടിയതോടെയാണ് ഒരുകാലത്ത് മാന്യമായി യൂണിഫോം അണിഞ്ഞ് സ്കൂളില്‍ പോകാമെന്നായത്. പച്ചപ്പരിഷ്ക്കാരിയായതുകൊണ്ടല്ല തുടയില്‍ പഴംപൊരി പോലെ തിണിര്‍ത്ത് പൊങ്ങിയ ചൂരലടി പാടുകള്‍ നാട്ടുകാര് കാണില്ലല്ലോ എന്ന ആശ്വാസം കൊണ്ട്.
തൊട്ടതിനും പിടിച്ചതിനും ഒക്കെ എന്നെ എടുത്തിട്ടു വീക്കുക വീട്ടിലെ മാതൃകാദ്ധ്യാപകര്ക്ക് ഒരു ഹോബിയായിരുന്നു.
ഫോര്‍ എക്സാമ്പിള്‍, അമ്മച്ചിയെന്നെ മൂന്നാം ക്ലാസ്സില്‍ പഠിപ്പിക്കുന്നു. അടുത്തിരിക്കുന്നവന്‍ എന്തു കുരുത്തക്കേട് കാട്ടിയാലും എനിക്കൊന്ന്, അവനൊന്ന് എന്ന രീതിയിലാണ് അടിയുടെ ഇക്വേഷന്‍. മറ്റൊരു കുട്ടിയോ മാതാപിതക്കാളോ ടീച്ചര്‍ ഒരിക്കലും മകനോട് വേര്‍തിരിവ് കാണിച്ചെന്ന് പറയരുത്. ആയതിനാല്‍ അര്‍ഹിക്കാത്ത വിഹിതങ്ങളാല്‍ എന്റെ അക്കൌണ്ട് എന്നും നിറഞ്ഞു കവിഞ്ഞിരുന്നു. മഞ്ഞളിട്ട് കാച്ചിയ ചൂരവടി ഇറയില്‍ റെഡിയായിരിക്കുന്നത് അറിയാവുന്ന കൂട്ടുകാരും പരിസരവാസികളും ഞാന്‍ പിള്ളേരെ തല്ലി, പിച്ചി, മാന്തി തുടങ്ങിയ ബാലിശമായ ആരോപണങ്ങളാല്‍ കൃത്യമായി ഇടവേളകളില്‍ സ്കോര്‍ ചെയ്തുകൊണ്ടേയിരുന്നു. ഉള്ളത്‌ പറയാമല്ലോ എന്നോളം തല്ലു കൊണ്ടിട്ടുള്ള ഒരു കുട്ടിയും കുട്ടനാട്ടിലുണ്ടാകില്ല. (നാട്ടുകാരുടെ തല്ലല്ല)
അങ്ങനെ കാര്യങ്ങള്ക്കൊന്നും മുട്ടില്ലാതെ പോകുമ്പോഴാണ് വഴിത്തിരിവായ സംഭവമുണ്ടായത്.
അന്തിനേരത്ത് അയല്പക്കത്ത് വട്ടം കൂടി സൊറപറഞ്ഞിരിക്കുമ്പോള്‍ കൂട്ടത്തിലാരോ കാവ്യാത്മകമായി മൊഴിഞ്ഞു; “ഹായ്! നല്ല മുല്ലപ്പൂവിന്റെ മണം”.
“പിന്നേ... നല്ല പട്ട ചാരായത്തിന്റെ മണമാ.” ഞാന്‍ തിരുത്തി.
ഉള്ളതുപറഞ്ഞാല്‍ എന്റെ മൂക്കിലടിച്ചത് ആ മണമായിരുന്നു. വഴിയിലൂടെ വച്ച് വേച്ച് നടന്നു പോയ അപ്പാപ്പന്‍ ഒന്ന് നിന്നു.
“ഡാ കൊച്ചുകഴുവേറി...നീ തന്നെയാ അല്ലേയോടാ.....?”എന്നിട്ട്, ഇപ്പ ശരിയാക്കിത്തരാം എന്ന മട്ടില്‍ വടക്കോട്ട്‌ നടന്നു.
കൂട്ടുകാരു പറഞ്ഞു; “അപ്പാപ്പന്‍ നേരേ നിന്റെ വീട്ടിലോട്ടു പോയിട്ടുണ്ട്. മോനേ...ചെല്ല്, ഇന്നത്തെ കാര്യവും കുശാലായി...”
ഒട്ടും വ്യത്യാസമില്ലാതെ ‘ഡാ..!!’ എന്ന് ഇടിവെട്ടുന്ന വിളി വീട്ടില്‍ നിന്ന് മുഴങ്ങി. ഫാദര്‍ജി കൈക്കിണങ്ങിയ ടൂള്സുമായി റെഡിയായി നില്ക്കുന്നു. ഇനി ഞാന്‍ റെഡിയായാല്‍ മാത്രം മതി. നേരെ ചെല്ലുക. ഉള്ളത് വാങ്ങുക....മോങ്ങുക. ഇത്ര മാത്രമേ യാന്ത്രികമായി നമ്മള്‍ ചെയ്യേണ്ടതുള്ളൂ.
പതിവുപോലെ വേലിക്ക് ചുറ്റും കാണികള്‍ കൂടിയിട്ടുണ്ട്. “ചെറിയ വായില്‍ വലിയ വർത്തമാനം പറയുന്നോടോ...” എരിവ് കേറ്റി അപ്പാപ്പനും മുറ്റത്തുണ്ട്.
പക്ഷേ അന്നെനിക്കൊരു ഉൾവിളി ഉണ്ടായി. ‘ഇവിടെ വാടാ....’ എന്ന അലര്ച്ചക്ക് ഞാന്‍ ചെവികൊടുത്തില്ല. ആറാം ക്ലാസ്സുകാരനായ ഞാന്‍ ആദ്യമായി അനുസരണക്കേട്‌ കാട്ടി. ഞാന്‍ ഓടി! ആളുകളുടെ മുന്പില്‍ ഫാദര്ജി നാണംകെട്ടു. പിന്നീടൊരിക്കലും എന്നെ തല്ലാന്‍ പുള്ളി വടി എടുത്തിട്ടില്ല. അന്ന് മുതല്‍ ഞങ്ങള്‍ തമ്മില്‍ ഒരു ‘ആടുതോമാ-ചാക്കോ മാഷ്‌’ ബന്ധം ഉടലെടുത്തു.
ഇത്രയും പറഞ്ഞത് എന്തിനാച്ചാല്‍....
അപ്പാപ്പന്‍മാര്‍ എന്നും പറയുക ‘പിള്ളേര് ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയരുത് എന്നാണ്.’ കൊച്ചുപിള്ളേര് വളരുന്നതും കളക്ടര്‍ ആകുന്നതും ഒന്നും അവരു കാര്യമാക്കില്ല. നാറ്റത്തിനും മുല്ലപ്പൂവിന്റെ സ്മെല്ലാണെന്ന് പറയുന്നതാ അവർ ക്കിഷ്ടം.
അതുകൊണ്ട് ബ്രോ...നമ്മള്‍ ഒരു സ്റ്റാന്റ് എടുക്കുന്നത് ഓടാന്‍ തയ്യാറായികൊണ്ടു തന്നെയാവണം.

Wednesday, June 29, 2016

ന്യൂജെന്‍.കോം

ഒരു ചങ്ങാതി ഇടക്കിടെ ചാറ്റില്‍ വന്ന്‍, ലവന്‍ തുടങ്ങാന്‍ പോകുന്ന പ്രസ്ഥാനങ്ങള്‍ക്ക് ഇടാന്‍ പറ്റിയ പേര് അന്വേഷിക്കും. ഒരു നിര്‍ബന്ധമേയുള്ളൂ... സംഗതി ഇടിവെട്ട് ആയിരിക്കണം.
എന്നാല്‍ പിന്നെ 'ഇടിവെട്ടെന്നോ' 'കൊള്ളിയാന്‍' എന്നോ ഇട്ടൊന്ന് പറഞ്ഞാല്‍ കേള്‍ക്കത്തില്ല. ശകുന്തള, കൈപ്പവല്ലരി, ഒതളങ്ങ, തെങ്ങുംപൊറ്റ, വാസവദത്ത തുടങ്ങിയ കാവ്യാത്മകമായ പലപേരുകളും ഞാന്‍ നിര്‍ദേശിക്കാറുണ്ട്. 
'ങാ.. ങ്ങൂ...' എന്ന്‍ മൂളി അങ്ങേര് പോകും. ഒന്നോരണ്ടോ മാസങ്ങള്‍ക്ക് ശേഷം അതെ ആവശ്യവുമായി വീണ്ടും വരും. അങ്ങനെഇരിക്കേ, ഒരുദിവസം
'പരിപ്പുവട.കോം' എങ്ങനെണ്ട്.. എങ്ങനുണ്ട്..? എന്ന്‍ ചോദിച്ച് ഇന്നച്ചന്‍ സ്റ്റൈലില്‍ ചാടി വീണു.
കിടിലന്‍, കിക്കിടിലന്‍ എന്ന്ഞാന്‍.
അപ്പൊ ദാണ്ടെ കിടക്കുന്നു. 'ചുമ്മാ ഒഴിവാക്കാന്‍ പറയുകാ അല്ലേ...'ന്ന്
'ഉണ്ട'
ദേഷ്യപ്പെട്ട് ഞാന്‍ സൈന്‍ ഔട്ട് അടിച്ചു. ചങ്ക് തുറന്നു കാണിച്ചാലും ചിലര് പറയും ചെമ്പരത്തീന്ന്. പക്ഷേ ലവന്‍ അങ്ങനല്ല കേട്ടോ. കഴിഞ്ഞ ദിവസം കാണിച്ച സൈന്‍ ബോര്‍ഡ് കണ്ട് കണ്ണു നിറഞ്ഞു പോയി.
'ഉണ്ട.കോം'

Saturday, June 25, 2016

എല്ലും പല്ലും

ജീവിതം യൗവന തീഷണവും രുചിദായകവുമായ ഈ നിമിഷത്തിൽ ഞാൻ ചോദിക്കുകയാണു.. പ്രിയ പല്ലു വേദനേ.. ഒന്ന് ഒഴിഞ്ഞു തരാമോ?
പുല്ല്! എന്നിട്ടു വേണം നാല് എല്ല് കടിച്ചു പറിക്കാൻ

'ആന്റി'ബയോട്ടിക്‌

ആന്റിബയോട്ടിക്‌ കഴിക്കുമ്പോൾ ചൊറിച്ചിലുണ്ടെങ്കിൽ വിളിച്ചറിയിക്കണമെന്ന് പറഞ്ഞ ഡോക്ടർ മറിയാമ്മ ഇന്ന് പറയുന്നു; 'അല്ലേലും തനിക്കിച്ചിരി ചോറിച്ചിലു കൂടുതലാ വെക്കടോ ഫോൺ'ന്ന്!
എന്തൊരു വൈരുധ്യാത്മക ലോകമാണിത്‌!!

Friday, June 24, 2016

അള്‍സര്‍ സാഹിത്യം

അന്യായ സാഹിത്യപ്രേമിയായ ഒരു കക്ഷി എല്ലാ ദിവസവും ഉച്ചനേരത്ത്‌ തൊട്ടടുത്ത ഓഫീസിലുള്ള പരിചയക്കാരനെ സന്ദർശ്ശിക്കുകയും കവിതകൾ ചൊല്ലികേൾപ്പിക്കുകയും പതിവായിരുന്നു. പാത്രത്തിൽ കൈ ഇടുന്നതിനു മുൻപേ ആളെത്തുന്നതിനാൽ ഉച്ചഭക്ഷണം ഇങ്ങേരു പോയിക്കഴിഞ്ഞ്‌ ആകമെന്ന് കരുതി മാറ്റിവെച്ച്‌, 'ആറിയ കഞ്ഞി പഴങ്കഞ്ഞിയായി' ഉപേക്ഷിച്ച്‌ ഒടുവിൽ അൾസർ പിടിച്ച്‌ പാവം ആശുപത്രിയിലായി.
ഇതുപോലെ വിളിക്കാതെ കയറി വരുന്ന ചില അതിഥികളുണ്ട്‌. ചിലർ സർപ്പ്രൈസ്‌ സമ്മാനിക്കുമെങ്കിലും മറ്റേത്‌ അൾസർ പോലെ മാരകമായിരിക്കും