Monday, December 9, 2013

വീടുപണിയും പശ്ചിമഘട്ടവും

കല്ലും മണ്ണും കിട്ടാതെ രണ്ടു മാസത്തിലധികം വീടുപണി മുടങ്ങി. ആദ്യം മഴയായിരുന്നു പ്രശ്നം, പിന്നെ മണ്ണെടുപ്പിനുള്ള പാരിസ്ഥിതികാനുമതി കിട്ടാത്തത് കൊണ്ടാണ് എന്നറിഞ്ഞു. 

കാശിന്റെ കാര്യത്തില്‍ മുടക്കം വരുത്താത്തത്കൊണ്ട് ഫോണെടുത്ത് മണ്ണുകാരനെയും ഇടനിലക്കാരനെയും ചീത്ത വിളിച്ചു. കാര്യം നടക്കണം. എന്ത് പരിസിസ്ഥിതി എന്ത് വിലക്ക്. 

വീടും മതിലുകെട്ടും ഉള്‍പടെ കാര്യമായ പരിപാടികള്‍ ഒന്നും ബാക്കിയില്ലാത്തത്‌ കൊണ്ട് പശ്ചിമഘട്ടം സംരക്ഷിക്കുന്നതില്‍ വിരോധമില്ല. പറ്റുമെങ്കില്‍ ഗാട്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് തന്നെ നടപ്പാക്കണം.

Saturday, December 7, 2013

മൂന്നാം ക്ലാസില്‍ നിന്നൊരോര്‍മ്മ

ഞാനുള്‍പടെ എല്ലാവര്‍ക്കും ഈരണ്ട് അടി കൊടുത്തശേഷം നാളെ രക്ഷകര്‍ത്താവിനെ വിളിച്ചു കൊണ്ടുവന്ന്‍ ക്ലാസില്‍ കയറിയാല്‍ മതി എന്ന് ടീച്ചര്‍ പറഞ്ഞു.
വേദനയാലും കുറ്റ ബോധാത്താലും തല കുനിച്ചിരുന്ന എന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടര്‍ന്നു. ഞാന്‍ മുഖമുയര്‍ത്തി ടീച്ചറെ നോക്കി.
ക്ലാസിലെ കുട്ടികള്‍ ഒന്നടങ്കം ചിരിച്ചു.
ടീച്ചര്‍ക്കും ചിരിയടക്കാനായില്ല.
ശരി ആള്‍ സിറ്റ് ഡൌന്‍...!
തുടര്‍ന്ന്‍ അമ്മ അടുത്ത പാഠം പഠിപ്പിക്കാന്‍ ആരംഭിച്ചു.

Tuesday, November 26, 2013

പ്ലീനം

പാര്‍ട്ടി പ്ലീനത്തിന്‍ പതാക പൊങ്ങി.
കൊടിമരച്ചോട്ടില്‍ ഒരു കോണകം അഴിഞ്ഞു കിടന്നു.

Monday, November 25, 2013

വ്യവസ്ഥിതിയുടെ അടിമകള്‍

"ഇന്നത്തെ തലമുറയോട് എനിക്ക് ലജ്ജ തോന്നുന്നു. അവര്‍ വ്യവസ്ഥിതിയുടെ അടിമകളാണ്. എന്നെപ്പോലെയുള്ളവര്‍ വ്യവസ്ഥിതികളെ വെല്ലു വിളിച്ചതുകൊണ്ട് മാത്രം പിന്‍തള്ളപ്പെട്ടു പോയതാണ്. പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ,, വിജയം,റാങ്ക് ഇമ്മാതിരി സമ്പ്രദായങ്ങളൊക്കെ പോളിച്ചെഴുതപ്പെടണം."

ആ പത്രം വായിക്കുന്ന സാറിന് അപാര നോളജ് ആണെന്ന് തോന്നുന്നല്ലോ. ചേട്ടാ...പാര്‍ട്ടി പ്രവര്‍ത്തകനാണോ?

ഏയ്. ആയകാലത്ത് പള്ളിക്കൂടത്തില്‍ പോകാത്തതിന്റെ കുത്തലാ...

Sunday, November 24, 2013

അംബാസിഡറും കോഴിയും.


"തുര്‍ക്കിയും ഈജിപ്റ്റും തമ്മിലുള്ള ബന്ധം വഷളായി. ഇരു രാജ്യങ്ങളും അംബാസിഡര്‍മാരെ പുറത്താക്കി".
കല്യാണം വന്നാലും പെരുന്നാള് വന്നാലും പാവം കോഴിക്കാ കിടക്കാന്‍മേലാത്തത്.

Saturday, November 23, 2013

എണ്ണ പരിവേഷണം

പണ്ട് ഉസ്കൂളില്, ഭൂഗോളം ചൂണ്ടിക്കാട്ടി മാഷ്‌ പഠിപ്പിച്ചത് ശരിയാണെങ്കില്‍ അമേരിക്ക ഇന്ത്യയുടെ എതിര്‍ ഭാഗത്തായി വരും. അതായത് ഓപ്പസിറ്റ് സൈഡ്. 
അങ്ങനെയാണെന്നുണ്ടെന്നുണ്ടെന്നുണ്ടെങ്കില്‍ അമേരിക്കയിലുള്ള ആരുടെയെങ്കിലും നെഞ്ചത്ത് ഒരു ഡ്രില്ലിംഗ് മിഷീന്‍ തുളച്ച് കേറാനുള്ള സാധ്യത കാണുന്നുണ്ട്. കൊച്ചിയില്‍ എണ്ണ പരിവേഷണം വീണ്ടും തുടങ്ങി.! 

Wednesday, November 20, 2013

സൂപ്പര്‍സ്റ്റാര്‍

സര്‍, ഏജ് ഓവറായി അടുപ്പിച്ച് പന്ത്രണ്ടാമത്തെ പടവും പൊളിഞ്ഞു. ഇനിയെങ്കിലും ആത്മഹത്യയെക്കുറിച്ച്....സോറി അഭിനയം നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ച്ചുകൂടെ?
നോ,..നെവര്‍.! എന്‍റെ ആരാധകര്‍ വേണേല്‍ ആത്മഹത്യ ചെയ്തോട്ടെ.
തീരുമാനം അറിഞ്ഞിട്ടുവേണം ഭാരതരത്നക്ക് അങ്ങയുടെ പേര് അയച്ചുകൊടുക്കാന്‍...
തൊണ്ണൂറ്റൊമ്പതാം പിറന്നാളിന്റെ അന്ന് അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീണ് ചാകുക എന്‍റെ സ്വപ്നമാണ്...
അതിനു മുന്‍പ് ചിലപ്പോള്‍ നാട്ടുകാര് തല്ലിക്കൊല്ലും. (ആത്മഗതം)