Wednesday, August 28, 2013

ഭക്ഷ്യസുരക്ഷ

പിള്ളാച്ചന്റെ ചായക്കടയില്‍ നിന്നും രണ്ടു കുറ്റി പുട്ടും മുട്ടക്കറിയും തട്ടിയ ശേഷം എരുവ് മാറാന്‍ മൂന്നു പാളേംകോടനും പടലയുരിഞ്ഞ് അകത്താക്കി രായപ്പന്‍ വടക്കോട്ട്‌ നടന്നു.
കാശു ചോദിക്കാന്‍ പുറകെ ചെന്ന പിള്ളാച്ചന്‍ ഇടിവെട്ടുന്ന ഡയലോഗ് കേട്ടു ഞെട്ടി!
അറിഞ്ഞില്ലേ, ഭക്ഷണം പൌരാവകാശമാ, ഒരുത്തനും പട്ടിണി കിടക്കാന്‍ പാടില്ല എന്നല്ലേ പറഞ്ഞിരിക്കുന്നത്.
എന്നെക്കൊണ്ട് പറ്റുന്നത് ഞാന്‍ ചെയ്തു. കാശ് വേണേല്‍ വാര്‍ഡ്‌ മെമ്പറോട് ചോദിച്ചോ, അവരുടെ സ്വന്തം പാര്‍ട്ടിക്കാരനാ!

Monday, August 5, 2013

ഓള്‍ഡ്‌ ബട്ട് ന്യൂ

സ്റ്റാറ്റസ് ഭിത്തികളില്‍ തലതല്ലി അയാള്‍ പാടി.
മെല്ലെമെല്ലെ കവിയെ ആളുകള്‍ തിരിച്ചറിഞ്ഞു.
ആയിരം വ്രണിത ഹൃദയര്‍ വട്ടം കൂടി.
അവശ കാമുകന്മാര്‍ ലൈക്കടിച്ചു.
------------------------------------
പഴയ ഭര്‍ത്താവ് വെള്ളമടിച്ചു വിളിച്ചു പറഞ്ഞിരുന്നന്നത് 
പുലഭ്യമല്ല ന്യൂ ജനറേഷന്‍ കവിതയായിരുന്നെന്ന് അപ്പോള്‍ മാത്രമാണ് അവള്‍ക്ക് മനസിലായത്. പക്ഷേ വൈകിപ്പോയിരുന്നു.
ഡിവോര്‍സ് ആയ ശേഷം മാത്രമാണ് മനസമാധാനത്തോടെ 
അയാള്‍ ഫേസ്ബുക്ക് തുറന്നത്.

Sunday, June 23, 2013

അക്കൌന്ടോ ബാലന്‍സോ ഡഫിഷന്സി സിണ്ട്രോം

പ്രവാസികള്‍ ലീവിന് നാട്ടില്‍ ചെല്ലുമ്പോള്‍ സാധാരണ ഉണ്ടാവാറുള്ള ഒരു രോഗമാണ് "അക്കൌന്ടോ ബാലന്‍സോ ഡഫിഷന്സി സിണ്ട്രോം". നിരന്തരമായി ATM മിഷീന്റെ മുന്‍പില്‍ നില്‍ക്കുമ്പോഴാണ് ഈ രോഗം സാധാരണ അനുഭവപ്പെടാറ്.
ആദ്യ ദിവസങ്ങളില്‍ ആകോലിയും ആട്ടിറച്ചിയും കഴിച്ചവര്‍ ഉടന്‍ തന്നെ ചീരയില പപ്പായ സാമ്പാര്‍ എവയിലെക്ക് വഴിമാറുന്നത് നന്നായിരിക്കും. 
എന്നിട്ടും യാതൊരു കുറവും തോന്നുന്നില്ല എങ്കില്‍ രോഗം മൂര്ചിക്കും മുന്‍പേ ഇത്രയും പെട്ടന്ന് തിരികെ പോരുന്നതാണ് ഏക പ്രതിവിധി.

Tuesday, June 4, 2013

ഒരു സന്തുലനകണക്ക്


രണ്ടു നായന്മാരും നാല് മുസ്ലീങ്ങളും മൂന്ന് ക്രിസ്ത്യാനികളും ആഴ്ചയില്‍ ആറുദിവസവും എട്ടു മണിക്കൂര്‍ വീതം പണിയെടുത്താണ് ഒരുമാസംകൊണ്ട് പാലംപണി തീര്‍ത്തത്.
എങ്കില്‍ പാലത്തിന്റെ ആകെ നീളമെത്ര?

(ശരിയുത്തരം പറയുന്നവര്‍ക്ക് ടോള്‍ പിരിക്കാനുള്ള അവകാശവും താക്കോല്‍ സ്ഥാനവും.)

Thursday, December 13, 2012

ഹതഭാഗ്യന്‍

ഗള്‍ഫില്‍.
ഫലം വിഡ്ഢിത്തമാകും എന്നറിഞ്ഞുകൊണ്ട് തന്നെ പറയുന്ന വഴിയേ പണിയെടുക്കാന്‍ വിധിക്കപ്പെട്ട ആശാരി.
നാട്ടില്‍.
ആശാരിയുടെ പുരാതന ശൈലിയെക്കാള്‍ അപ്ഡേറ്റ് ഐഡിയായുമായി ആജ്ഞാപിക്കാന്‍ മടിയോടെ നിക്കുന്ന വീട്ടുടമസ്ഥന്‍..
രണ്ടിടത്തും ഹതഭാഗ്യന്‍ ഒരാള്‍ തന്നെ

Thursday, October 18, 2012

അച്ചായന്‍സ് ദീപാവലി

അയല്‍പക്കത്ത് വാടകക്ക് താമസിക്കുന്ന അണ്ണാച്ചിയുടെ മതിലില്‍ മണ്‍ചിരാതുകളിലെ തീനാളം തലപൊക്കി നോക്കി. ദീപാവലിയെങ്കില്‍ ദീപാവലി അച്ചായന്‍മാരും ഒരുകാര്യത്തിലും പിന്നോട്ടില്ലന്നു കാണിച്ചു കൊടുക്കണമെന്ന് ചാണ്ടിച്ചന്‍ തീര്‍ച്ചപ്പെടുത്തി.
വീട്ടില്‍നിന്നും കണ്ടെടുത്ത ഒഴിഞ്ഞ കുപ്പികള്‍ മാത്രം തിരഞ്ഞെടുത്ത് സ്വന്തം മതിലില്‍ അലൈന്‍മെന്റ് തെറ്റാതെ നിരത്തി വച്ച്, കരിക്കിടാന്‍ കയറിയപ്പോള്‍ കീറിപ്പോയ വെള്ളമുണ്ടുകൊണ്ട് തിരിയിട്ട് ആയിരം വാട്ടിന്റെ പ്രകാശം പരത്തി!
സിറ്റൌട്ടിലെ ചാരുകസേരയിലിരുന്ന് ആത്മനിര്‍വൃതിയോടെ മതിലിലിരിക്കുന്ന തൊണ്ണൂറ്റിയാറു കുപ്പികള്‍ എണ്ണിത്തീര്‍ക്കുമ്പോള്‍ അണ്ണാച്ചിയോടോത്തുള്ള ഒരു പാര്‍ട്ണര്‍ഷിപ്പ് വഴി ഇന്നുതന്നെ സെഞ്ചറിയടിക്കാമോ എന്നോരാലോചനയിലായിരുന്നു ചാണ്ടിച്ചന്‍.,.